Wednesday, October 5, 2011

കുടുക്ക

ഇനിയീ കുടുക്ക ആണേക രക്ഷ..
നിറഞ്ഞ കയ്യില്‍ നിന്നിറ്റു വീണ
സുകൃതമായിത്തിരി തുള്ളികള്‍
നിറവിന്റെ ആലസ്യത്തിനിടയില്‍
വെറുതെ വലിച്ചെറിഞ്ഞ തുട്ടുകള്‍ ..
നിന്റെ കരുതലാര്‍ന്ന കരങ്ങളാല്‍
എന്‍ കീശയില്‍ നിന്നും മാറ്റിയെടുത്ത
മുഴങ്ങുന്ന ചില്ലറകള്‍..
ഇനിയീ കുടുക്കയാണ് ഏക രക്ഷ..
അതിവൃഷ്ടിയുടെ അസുലഭ കാലത്ത് നീ
നിറച്ചു വച്ച തുള്ളികളുടെ കുടം
വറുതിയുടെ ഊഷരതയില്‍ ജീവന്
അമൃത കുംബമായി തീരുന്നു..!
സഖീ, വിരഹാര്‍ദ്രനായി ഞാനീ
മരുഭൂവില്‍ തളര്‍ന്നിരിക്കുമ്പോള്‍
സ്നേഹത്തിന്റെ മഞ്ഞു കണങ്ങളാല്‍ നീ
നിറച്ചു വച്ചോരീ കുടുക്കയാണ് ഇന്നേക രക്ഷ..
കവചമായ് നിന്‍ പ്രണയം ഉള്ളപ്പോള്‍
കുടുക്കകള്‍ പലയിടത്തും മുളക്കുമെന്നതും സത്യം!

Thursday, July 28, 2011

അമളികള്‍

"തീവണ്ടി കാണാത്തവര്‍ എഴുന്നേറ്റു നില്‍ക്കൂ " എന്ന് ഒന്നാം ക്ലാസ്സിലെ ടീച്ചര്‍ പറഞ്ഞപ്പോള്‍ ഭൂരിഭാഗം കുട്ടികളുടെയും കൂടെ, റയില്‍ പാളത്തിന് തൊട്ടടുത്തു
താമസിക്കുന്ന ഞാനും, ശങ്കയോടെ എഴുന്നേറ്റു നിന്നതാണ് 'ഉറപ്പില്ലായ്മയെ' പറ്റിയുള്ള എന്റെ ആദ്യത്തെ ഓര്‍മ
വീട്ടില്‍ എല്ലാവരും 'വണ്ടി' എന്ന് മാത്രം പറയുമ്പോള്‍ ഈ 'തീവണ്ടി' എന്തോ അത്ഭുത സാധനം ആയിരിക്കും എന്നാണ് ഞാനോര്‍ത്തത്.
വലുതാകുന്തോറും 'ഇമ്മാതിരി' മണ്ടത്തരങ്ങള്‍ ഏറി വരാന്‍ തുടങ്ങി. ആദ്യമൊന്നും ആരോടും മിണ്ടാന്‍ പോയില്ല. പിന്നീടാണ് അറിഞ്ഞത് ഇത് 'ലോക സ്വഭാവം' തന്നെയാണെന്ന്! ആന മണ്ടത്തരങ്ങള്‍ പറ്റിയ സുഹൃത്തുക്കളെ കാണുമ്പോള്‍ മനസ്സാ സന്തോഷിക്കും. ഹാവൂ... ഒറ്റയ്ക്കല്ല!
പിന്നീട് വിവരമുള്ളവര്‍ പറഞ്ഞറിഞ്ഞു 'അബദ്ധങ്ങള്‍ വെറും അബദ്ധങ്ങള്‍ അല്ല, അറിവിലേക്കുള്ള രാജപാതകള്‍ ആണെന്ന്!
ഓരോ ചെറിയ 'പറ്റ്കളിലൂടെ', കൊച്ചു കൊച്ചു വീഴ്ച്ചകളിലൂടെ, ഉറപ്പുള്ള കാല്‍വെപ്പുകള്‍ ഉണ്ടാക്കിയെടുക്കാനുള്ള മാര്‍ഗം തെളിയുകയാണെന്നു...
ആലോചിച്ചപ്പോള്‍ ശരിയാണ്. എത്ര വെള്ളം കുടിച്ചാണ് 'നീന്തല്‍' ഒന്ന് പഠിചെടുത്തത്...! കൈകാലുകളുടെ തൊലി എത്ര ഇളകി പോയിരിക്കുന്നു സൈക്കിള്‍ സവാരി ഒന്ന് ഉറപ്പിചെടുക്കാന്‍.. ഒരു പക്ഷെ ഡ്രൈവിംഗ് ടെസ്റ്റ്‌ കൊടുത്തു തോറ്റതിന് ഉള്ള രികാര്ധിനു ഗിന്നസ് ബുക്കില്‍ പേര് ചെര്‍ക്കപ്പെടെന്ട ആളായിരിക്കും ഞാന്‍ - ആറ് വര്ഷം വേണ്ടി വന്നു അതൊന്നു കയ്യില്‍ കിട്ടാന്‍!
ഓരോ വീഴ്ചയും വാശിയായും നേട്ടമായും കലാശിച്ചു!
ഇപ്പോള്‍ തെറ്റുകള്‍ പറ്റുമ്പോള്‍ പഴയ വിഷമം തോന്നാറില്ല. ശരിയിലേക്ക്‌ ഒരു ചെറിയ 'തിരുത്തല്‍
ദൂരം മാത്രം' എന്നറിഞ്ഞു സന്തോഷം മാത്രം!