Saturday, December 4, 2010

ലോട്ടറി ടിക്കറ്റ്

പല ചരക്കു സാധനങ്ങള്‍ വാങ്ങാനായി രാമകൃഷ്നെട്ടന്റെ പീടികയില്‍ ചെന്നതായിരുന്നു ഞാന്‍.
അപ്പുറത്തെ ചായക്കടയില്‍ പതിവില്ലാത്ത ആള്‍ക്കൂട്ടം. എന്താണ് സംഭവം എന്നറിയാന്‍ ചെന്നപ്പോള്‍ ആരോ വിളിച്ചു പറഞ്ഞു, "ഒരു ചായ കൂടി".
പോകുന്നവര്‍ക്കും വരുന്നവര്‍ക്കും ഒക്കെ ചായയും കടികളും ... മുക്കില്‍ എന്ത് അത്ഭുതമാണ് നടന്നത്?
വെറുതെ കിട്ടിയ ചായയും കയ്യില്‍ പിടിച്ചു ഞാന്‍ മിഴിച്ചു നിന്നു.
"എടാ നമ്മുടെ ബാബുവിന് ലോട്ടറി അടിച്ചു. പത്തുലക്ഷം." എന്റെ അമ്പരപ്പ് മാറ്റാനായി സുഹൃത്ത് സുരേശന്‍ രഹസ്യമായി മന്ത്രിച്ചു.
"ന്ഹെ!"
"ആ"
ലക്ഷക്കാരന്റെ വലിയ ഭാവങ്ങളൊന്നും ഇല്ലാതെ ചായയും പൂവന്‍ പഴവും കഴിച്ചു കൊണ്ടിരുന്ന ബാബുവിന്റെ അടുത്തേക്ക് ഞാന്‍ ചെന്നു. ചുറ്റിലും സുഹൃത്തുക്കള്‍, പരിചയക്കാര്‍, നാട്ടുകാര്‍.. ബാബുവിനെ സല്കരിക്കാന്‍ ഓരോരുത്തരും മത്സരിക്കുകയാണ്. എന്നെ കണ്ടപ്പോള്‍ അവന്റെ മുഖത്ത് ഒരു കള്ളച്ചിരി.
"സംഗതി ഒപ്പിച്ചു അല്ലെ? ഒരു ചായയിലോന്നും ഒതുങ്ങില്ല കേട്ടോ.. "
അവന്റെ കണ്ണുകളില്‍ നക്ഷത്ര തിളക്കം. ശരിക്കും ഒരു ലക്ഷക്കാരന്റെ ഭാവത്തില്‍ പൂവമ്പഴം തിന്നുകൊണ്ട്‌ അവന്‍ കണ്ണിറുക്കി കാട്ടി.
പലചരക്ക് സാധനങ്ങള്‍ ഉടനെ കിട്ടിയില്ലെങ്കില്‍ വീട്ടിലുണ്ടാകാവുന്ന പുകിലോര്‍ത്തു മനമില്ലാ മനസ്സോടെ ഞാന്‍ അവിടെ നിന്നു തിരിച്ചു.
വൈകുന്നേരം രയിലിന്റെ മുകളില്‍ പതിവ് സമ്മേളന സ്ഥലത്ത് സുഹൃത്തുക്കളൊക്കെ ഒത്തു കൂടിയപ്പോള്‍ ബാബുവിന്റെ അസാന്നിധ്യം പ്രകടമായി.
"അവന്‍ അപ്പോള്‍ത്തന്നെ ബസ്സില്‍ കയറിപ്പോയി"
ഓരോരുത്തരുടെയും മനസ്സറിഞ്ഞു സുരേശന്‍ പ്രസ്ഥാപിച്ചു.
ബാബുവിന് വന്ന സൌഭാഗ്യത്തെ കുറിച്ചായിരുന്നു അന്നത്തെ പ്രധാന ചര്‍ച്ച.
റയിലിന്റെ മുകളില്‍ ഇരുന്നാല്‍ ബാബുവിന്റെ വീട്ടില്‍ നടക്കുന്ന കാര്യങ്ങളൊക്കെ കാണാം. ആളുകള്‍ അറിഞ്ഞു വന്നു കൊണ്ടിരിക്കുകയാണ്.
കുറച്ചു കഴിഞ്ഞപ്പോള്‍ അവന്റെ ചേച്ചിയും ചേട്ടനും കൂടി ഉടുത്തൊരുങ്ങി എവിടെയോ പോകാനായി ഞങ്ങള്‍ ഇരിക്കുന്നതിനു മുന്നിലൂടെ വന്നു. പത്തു ലക്ഷത്തിനു ഉടമകളായ കുടുംബത്തിനെ ഞങ്ങള്‍ അസൂയയോടെ നോക്കിയിരുന്നു.
"എങ്ങോട്ടാ രണ്ടാളും കൂടി?" കൂട്ടത്തിലാരോ കുശലം ചോദിച്ചു.
"ഒന്ന് പഴയങ്ങാടി വരെ പോണം."
"ഉം." സുരേശന്‍ അര്‍ത്ഥ ഗര്‍ഭമായി മൂളി. എന്നിട്ട് രഹസ്യമായി ഞങ്ങളോട് പറഞ്ഞു, "കയ്യോടെ ബാന്കിളിടാന്‍ പോകുന്നതാ.. അവന്‍ അവിടെ നിന്നും ഫോണ്‍ചെയ്തു കാണും."
"അതിനു വൈകുന്നേരം ബാങ്ക് തുറക്കുമോ?"
"സായാഹ്ന ബാങ്കില്ലേ? അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി മാനേജര്‍ പ്രത്യേഗം തുറന്നു കൊടുക്കില്ലേ?"
"ഇനി അവന്‍ ഇവിടെയൊക്കെ വന്നിരിക്കുഒ ?"
"എന്തായാലും നമുക്ക് ക്ലബ്ബിലേക്ക് കുറച്ചു സാധനങ്ങള്‍ വാങ്ങിപ്പിക്കണം"
ചര്‍ച്ച അങ്ങിനെ നീണ്ടു പോയി..
ദിവസം രണ്ടു കഴിഞ്ഞിട്ടും ബാബുവിന്റെ ഒരു വിവരവുമില്ല. അവന്‍ പൈസയും വാങ്ങി അത് വഴി തന്നെ മുങ്ങി എന്നാണ് ജന സംസാരം. എന്തായാലും ആളുകള്‍ ഒരു
കണ്ണും ഒരു കാതും അവന്റെ വീടിന്റെ ചുട്ടുവട്ടതെക്ക് സമര്‍പ്പിച്ചിരിക്കുകയാണ്...
പരീക്ഷ കാലമായതിനാല്‍ എങ്ങനെയെങ്കിലും ഒന്ന് കടന്നു കൂടാനായി ഉറക്കമിളച്ചു പഠിക്കുന്ന സമയമാണ്.
വീട്ടിലെ പട്ടി കുറച്ച്‌ നേരമായി കുരച്ചു കൊണ്ട് ചാടുന്നു. വല്ല കീരിയോ കുറുക്കനോ ആയിരിക്കാം. "ടൈഗര്‍ പിടിച്ചോ.. വിടരുത്.." ഞാന്‍ ടോര്‍ച്ചുമായി ചായ്പിനു നേരെ ചെന്നു പട്ടിക്കു പ്രോത്സാഹനം കൊടുത്തു.
"വേണ്ടെടാ. പട്ടിയെപ്പിടിക്ക്. ഇത് ഞാനാണ്."
ടോര്‍ച്ചടിച്ചു നോക്കിയപ്പോള്‍ ബാബു.
ചായ്പിലെ നിലത്തു വൈക്കോല്‍ വിരിച്ചു ഉറങ്ങാനുള്ള ശ്രമത്തിലായിരുന്നു ആശാന്‍.
"വീട്ടില്‍ നിറയെ ആളുകളാ. രണ്ടു ദിവസം മുങ്ങി നടന്നു. വര്‍ഷങ്ങളായി വരാതിരുന്ന പെങ്ങളും അളിയനും കൂടി വന്നിട്ടുണ്ട്. അളിയന് ഒരു ബൈക്ക് വാങ്ങാന്‍ പൈസ കടം കൊടുക്കണമെന്ന്. വലിയമ്മയുടെ മോന് സൈക്കിള്‍ മതി. ഓരോരുത്തരും ആവശ്യങ്ങളുടെ വലിയ ഒരു ലിസ്ടുമായിട്ടാണ് വന്നിരിക്കുന്നത്."
"പാവങ്ങള്‍! നിനക്ക് ചില്ലറ എന്തെങ്കിലും കൊടുത്തു ഒഴിവാക്കിക്കൂടെ?"
"നിനക്കെന്താ പ്രാന്തുണ്ടോ? അയല്‍പക്കത്തെ ജാനുവേചിയെ കളിപ്പിക്കാനായി ഞാനൊരു തമാശ കാണിച്ചതല്ലേ. അവര്‍ വരുന്നത് ഞാന്‍ ദൂരത്തു നിന്നു തന്നെ കണ്ടിരുന്നു. പത്രത്തില്‍ അന്നത്തെ ലോട്ടറി കണ്ണൂരിലാണെന്ന് വലുതായി എഴുതിയിട്ടുണ്ട്. ഞാനൊരു കടലാസില്‍ ആ നമ്പര്‍ എഴുതിവെച്ചിട്ട് ഒന്നും അറിയാത്തത് പോലെ അവരെ കാണിച്ചിട്ട് എനിക്കാണ് ലോട്ടറി അടിച്ചതെന്ന് പറഞ്ഞു. ഇതിത്ര പുലിവാലാകുമെന്ന് ആരറിഞ്ഞു?"
ബാബുവിന്റെ മറുപടി കേട്ട് അല്പ നേരത്തേക്ക് ഞാനും സ്തബ്ദനായി നിന്നു പോയി.
"ഇതിപ്പോ വാസ്തവം പറഞ്ഞിട്ട് എന്റെ അമ്മ പോലും വിശ്വസിക്കുന്നില്ല. ഇനി എവിടുന്നെങ്കിലും ഒരു പത്തു ലക്ഷം കട്ട് കൊണ്ടാന്നാലോന്നാ ഞാനിപ്പോള്‍ ചിന്തിക്കുന്നത്"
"എന്തായാലും നീ ഉള്ളിലേക്ക് വാ. കാര്യങ്ങളൊക്കെ നമുക്ക് നാളെ തീരുമാനിക്കാം. "
ചായ്പില്‍ നിന്നും ഞാന്‍ അവനെ എന്റെ മുറിയിലേക്ക് കൂടിക്കൊണ്ടു പോന്നു.