Monday, November 15, 2010

തോരാത്ത മോഹമീ മഴ...

ഇന്നത്തെ ദിവസത്തിന്റെ ഉണര്‍ച്ച പരിചിതമായ, അനേക കാലമായി കാത്തിരിക്കുന്ന മണവും ശബ്ദവും കേട്ട് കൊണ്ടാണ്.
അമ്മയുടെ വാത്സല്യം പോലെ ഇറ്റു വീഴുന്ന മഴ! ചെറു കമ്പികള്‍ ആയി അവ എയര്‍ കണ്ടിഷനരിന്റെ കൂടിനു മുകളില്‍ പതിക്കുമ്പോള്‍ ഉണ്ടാകുന്ന 'റ്റ' കാരവം. ദൈവമേ... മഴ!
എത്ര കാലമായി മഴ കണ്ടിട്ട്? അതും മരുഭുമിയില്‍...
ഇടി വെട്ടി, മിന്നല്‍ കൊടിക്കൂറകള്‍ പാരിക്കുന്നില്ലെങ്കിലും ഈ മഴ ഒരുപാട് മധുരിക്കുന്ന ഓര്‍മകളെ കൊണ്ട് വരുന്നു...
എതിര്‍വശത്തുള്ള കെട്ടിടങ്ങളില്‍ പലതിന്റെയും ചില്ല് ജാലകങ്ങള്‍ തുറന്നു കൈകള്‍ വെളിയിലേക്ക് നീട്ടി ആളുകള്‍ മഴയെ അനുഭവിക്കാന്‍ ശ്രമിക്കുന്നു. മഴ ഒരു വികാരമായി മനസ്സില്‍ പേറി നടക്കുന്നവര്‍...
നേരിയ നൂലുകള്‍ പോലെ ആകാശത്തില്‍ നിന്ന് ചുരുള്‍ നിവര്‍ന്നു വീണു കിടക്കുകയാണിന്ന് മഴ. ഇതൊന്നു കട്ടി പിടിച്ചെന്കില്‍...
മണ്ണും വിണ്ണും കുളിര്‍ക്കെ തകര്‍ത്തു പെയ്യുന്ന മഴ ദീര്‍ഘ കാലത്തെ സ്വപ്നമാണ്. അലമാരയുടെ മൂലയില്‍ ചുരുട്ടി വെച്ച കുട ആ ആഗ്രഹത്തിന്റെ അമര്‍ത്തി വെച്ച പ്രകടനവും.
സ്കൂള്‍ കുട്ടികളെപ്പോലെ മഴ നനഞ്ഞു ആര്‍ത്തു ചിരിച്ചു നടക്കാന്‍ വല്ലാത്ത മോഹം. നനഞ്ഞു കുതിര്‍ന്ന കുപ്പായത്തിനുള്ളില്‍ പുസ്തകങ്ങള്‍ ഭദ്രമായി തിരുകിവെച്ചു മഴയ്ക്കുള്ളിലൂടെ ഒരു യാത്ര..
എത്ര സൂക്ഷിച്ചാലും ചട്ട പറിഞ്ഞു പോകുന്ന പുസ്തകങ്ങളെ ഒന്ന് കൂടി കെട്ടിപ്പിടിക്കാന്‍...
പുതു മണ്ണിന്റെയും പുത്തന്‍ പുസ്തകങ്ങളുടെയും ഗന്ധം ശാസിച്ചു കൊണ്ട് മത്തരായി നടന്നിരുന്ന കാലം ഒന്ന് തിരിച്ചു വന്നെങ്കില്‍..
പത്തു പൈസതുട്ടിന്റെ യാത്രക്കാരായി കമ്പികളില്‍ തൂങ്ങിക്കിടന്നു യാത്ര ചെയ്യുമ്പോള്‍ യാത്രിശ്ചികമായി വരുന്ന മഴയില്‍ പരിഭ്രമിക്കുന്ന കിളികള്‍... അടിച്ചും ഇടിച്ചും ശകാരിച്ചും അവര്‍ ഇറക്കിവിടാന്‍ നോക്കിയാലും പിറകിലെ ഏണിയില്‍ തൂങ്ങിപ്പിടിച്ചുള്ള യാത്ര...
പുറത്തെ മഴ നിലച്ച മട്ടായിരിക്കുന്നു. ഒരു പാട് പ്രതീക്ഷകള്‍ ഉണര്തിയതാണ്...
പുതു മഴ വീണു നനഞ്ഞ മണ്ണ് കാണുമ്പോള്‍ അമ്മാമന്‍ കൈക്കോട്ടുമായി ഇറങ്ങുകയായി. കൂട്ടത്തില്‍ പഴയ, ഭാരം കുറഞ്ഞ ഒരെണ്ണം എന്റെ കൈകളിലും തിരുകിത്തരും.
വിത്ത് വിതയ്ക്കുകയും, അത് മുളയ്ക്കുകയും ചെയ്യുമ്പോഴെയ്കും മഴ ശക്തിപ്പെടുകയായി. ഞാറ്റു കണ്ടങ്ങള്‍ വയസ്സറിയിച്ച പെണ്ണിനെപ്പോലെ, മഴത്തുള്ളികളെ മാറിലൊതുക്കി കാത്തിരിക്കുമ്പോള്‍, ചെളിയില്‍ പുതഞ്ഞ കന്ന് പൂടുകാരന്റെ ഗാനം ഉയരുകയായി, "ഓ..ഓ.. ഹോ. ഹോ...ഹോയ്..!'
ഇറ്റു വീഴുന്ന മഴത്തുള്ളികളെ നിരുകയിലാവാഹിച്ചു ഓടി നടക്കുമ്പോള്‍ അമ്മയുടെ ശാസന, "പുതുമഴ നനഞ്ഞാല്‍ പനി വരും".
അവധി ദിവസത്തിന്റെ ആലസ്യത്തില്‍ തകര്‍ത്തു പെയ്യുന്ന മഴയുടെ പശ്ചാത്തലത്തില്‍ കട്ടിലില്‍ മലര്‍ന്നു കിടന്നു 'പേറി മാസണ്‍'റെയും, 'ഷെര്‍ലക് ഹോല്‍മ്സിന്റെയും വീര ക്രിത്യങ്ങളിലൂടെയുള്ള യാത്ര. മകന്റെ പഠനത്തിലുള്ള ശുഷ്കാന്തി കണ്ടു സന്തോഷത്തില്‍ ചൂട് ചായയുമായി വരുന്ന അമ്മ കാണാതിരിക്കാന്‍ തന്ത്രപൂര്‍വ്വം തലയിനക്കീഴിലേക്ക് തിരുകി മാറ്റുന്ന കഥപുസ്തകങ്ങള്‍...
ഈ മഴ പെയ്തിരങ്ങിയത് മറവിയുടെ തട്ടുമ്പുറത്തു പൊടി പിടിച്ചു കിടന്ന സ്മരണകളുടെ ഓട്ടു പാത്രതിലാനല്ലോ ദൈവമേ..!
അല്ല. അത് എയര്‍കണ്ടിഷനരിന്റെ പുരന്കുപ്പയത്തില്‍ തന്നെയാണ് വന്നു വീണത്‌. മഴ തീര്‍ന്നിരിക്കുന്നു.
പുതു മണ്ണിന്റെ ഗന്ധം ആസ്വദിക്കാനായി താഴെയിറങ്ങിയ എന്നെ റോഡരികില്‍ കെട്ടിക്കിടന്ന ഇത്തിരി വെള്ളത്തിലൂടെ വേഗത്തില്‍ കാറോടിച്ചു പോയ പയ്യന്‍ ചെളിയഭിഷേകം ചെയ്തിരിക്കുന്നു...
സാരമില്ല. അതും കളിയുടെ ഭാഗം തന്നെ. മഴ എല്ലാവരിലും എന്തൊക്കെയോ ഭാവങ്ങള്‍ ഉണര്‍ത്തി വിട്ടിരിക്കുന്നു.
മഴ... കതിരണി പാടങ്ങളിലും ആമ്പല്‍ കുളങ്ങളിലും എന്റെ കളി വീട്ടിലും പെയ്തിറങ്ങിയ പഴയ മഴ... അത് എന്നെയും തേടി ഈ മരുഭുമിയിലുമെതിയിരിക്കുന്നു...!

2 comments:

രാജന്‍ വെങ്ങര said...

Bളോഗിനു ഒരു പേരിടണം..നല്ലൊരു ഹെഡർ വെക്കണം..പേരു പറഞ്ഞു തന്നാൽ നല്ലൊരു ഹെഡർ ഞാൻ ഡിസൈൻ ചെയ്തു തരാം..കഴിയുമെനിൽ നല്ലൊരു റ്റെംപ്പ്ലേറ്റും സെലെക്റ്റ് ചെയ്തു മാറ്റിയിടൂ...എന്തെൻകിലും ഹെല്പ് വേണമെൻകിൽ വിളിക്കാൻ മടിക്കേണ്ട..

രാജന്‍ വെങ്ങര said...

Comment Optionil chennu ee word veryfication eduthu kalayu..pls